അത് ലോകമെമ്പാടും സാധാരണമായിരിക്കുന്ന വായ്‌രോഗങ്ങളിൽ ഒന്നാണ്. ആരംഭദശയിൽ യാതൊരു രോഗലക്ഷണങ്ങളും കണ്ടെന്നുവരില്ല. ഇതാണ് ഈ രോഗത്തിന്‍റെ ഒരു പ്രത്യേകത. വായിലുണ്ടാകുന്ന അസുഖങ്ങളിൽ പെരിയോഡോന്‍റൽ രോഗം ‘ഗൗരവമർഹിക്കുന്ന പൊതുജനപ്രശ്‌നമായി’ ഒരു വാർത്താപത്രിക (International Dental Journal) പട്ടികപ്പെടുത്തുന്നു. കൂടാതെ, വായ്‌രോഗങ്ങൾക്ക് വേദനയും ബുദ്ധിമുട്ടുകളും ഉളവാക്കാനും, ഭക്ഷണം കഴിക്കാനും ജീവിതം ആസ്വദിക്കാനും ഉള്ള ഒരു വ്യക്തിയുടെ പ്രാപ്‌തി ഗണ്യമായി കുറയ്‌ക്കാനും കഴിയുമെന്ന് അതു കൂട്ടിച്ചേർക്കുന്നു. വളരെ വ്യാപകമായി കാണുന്ന ഈ അവസ്ഥയെക്കുറിച്ചുള്ള ചർച്ച ഈ രോഗം വരാനുള്ള സാധ്യതകൾ കുറയ്‌ക്കാൻ നിങ്ങളെ സഹായിച്ചേക്കും.
മോണരോഗം—ചില വസ്‌തുതകൾ
മോണരോഗത്തിനു വ്യത്യസ്‌തഘട്ടങ്ങളുണ്ട്. ആരംഭദശയിൽ മോണവീക്കമുണ്ടാകുന്നു. ഇതിനെ ജിൻജിവൈറ്റിസ് എന്നാണ് പറയുന്നത്. മോണകളിലുണ്ടാകുന്ന രക്തസ്രാവം ഈ ഘട്ടം തിരിച്ചറിയാനുള്ള ഒരു അടയാളമായിരുന്നേക്കാം. പല്ലു തേയ്‌ക്കുമ്പോഴോ ഫ്‌ളോസ് (ഒരു പ്രത്യേകതരം നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യുമ്പോഴോ പ്രത്യേകിച്ചു കാരണം കൂടാതെതന്നെയോ ഇതു സംഭവിച്ചേക്കാം. അതുപോലെ, മോണ പരിശോധിക്കുമ്പോഴുണ്ടാകുന്ന രക്തസ്രാവവും ജിൻജിവൈറ്റിസിന്‍റെ സൂചനയായിരുന്നേക്കാം.
മോണരോഗം മൂർച്ഛിച്ച് അടുത്ത ഘട്ടത്തിൽ എത്തുന്നതിനെ പെരിയോഡോൺടൈറ്റിസ് എന്നു പറയുന്നു. ഈ ഘട്ടത്തിൽ, നിങ്ങളുടെ പല്ലുകളെ താങ്ങിനിർത്തുന്ന അസ്ഥികളും മോണയും നശിച്ചുതുടങ്ങുന്നു. ഇത്തരത്തിലുള്ള മോണരോഗം മൂർധന്യാവസ്ഥയിൽ എത്തുന്നതുവരെ ലക്ഷണങ്ങൾ കാണിച്ചെന്നുവരില്ല. എന്നിരുന്നാലും, പെരിയോഡോൺടൈറ്റിസിന്‍റെ ചില ലക്ഷണങ്ങൾ ഇവയാകാം: പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ, ആടുന്ന പല്ലുകൾ, പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്‌നാറ്റം, പിന്നിലേക്കു മാറുന്ന മോണ (മോണ വളരെയേറെ പിന്നിലേക്കു വലിഞ്ഞ് പല്ലിനു നീളംകൂടുന്നതായി തോന്നിക്കുന്ന അവസ്ഥ), മോണയിലെ രക്തസ്രാവം എന്നിവ.
മോണരോഗം—കാരണങ്ങളും പ്രശ്‌നങ്ങളും
പല ഘടകങ്ങൾ മോണരോഗത്തിനു കാരണമായേക്കാം. പല്ലിൽ പതിവായുണ്ടാകുന്ന ബാക്‌ടീരിയയുടെ ഒരു നേർത്ത ആവരണമായ ഡെന്‍റൽപ്ലാക്കാണ് ഒരു സാധാരണകാരണം. പ്ലാക്ക് നീക്കം ചെയ്യുന്നില്ലെങ്കിൽ ബാക്‌ടീരിയ മോണവീക്കം ഉണ്ടാക്കിയേക്കാം. ഇതു മൂർച്ഛിക്കവെ, പല്ലിൽനിന്ന് മോണ അകലാൻ തുടങ്ങുന്നു. അങ്ങനെ മോണയ്‌ക്കുള്ളിൽ, പല്ലിനോടു ചേർന്ന് ബാക്‌ടീരിയയാൽ ആവൃതമായ പ്ലാക്ക് വളരാൻ തുടങ്ങുന്നു. ഇത്രത്തോളം ആയിക്കഴിഞ്ഞാൽ, മോണവീക്കം വർധിച്ച് അസ്ഥിയെയും മോണയെയും നശിപ്പിച്ചുതുടങ്ങുന്നു. മോണയുടെ മുകൾഭാഗത്തോ മോണയ്‌ക്കുള്ളിലോ ഉള്ള പ്ലാക്ക് കട്ടിയായി കാൽക്കുലസ് അഥവാ ടാർടർ ആയിത്തീരുന്നു. കാൽക്കുലസ് കട്ടിയുള്ളതായതിനാലും പല്ലുകളോടു പറ്റിപ്പിടിച്ചിരിക്കുന്നതിനാലും അത് നീക്കം ചെയ്യുക അത്ര എളുപ്പമല്ല. ഈ കാൽക്കുലസിനു ചുറ്റും ബാക്‌ടീരിയയായതിനാൽ, അത് മോണകളെ ബാധിക്കുന്നതിൽ തുടർന്നേക്കാം.
മറ്റു ചില ഘടകങ്ങൾക്കും മോണരോഗത്തിനു കാരണമാകാൻ കഴിയും. വായുടെ ശുചിത്വക്കുറവ്, പ്രതിരോധവ്യവസ്ഥയെ തകാരാറിലാക്കുന്ന മരുന്നുകളുടെ ഉപയോഗം, വൈറസ് രോഗബാധകൾ, പിരിമുറുക്കം, അനിയന്ത്രിതപ്രമേഹം, അമിതമദ്യപാനം, പുകയിലയുടെ ഉപയോഗം, ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
മറ്റു ചില രീതിയിലും മോണരോഗം നിങ്ങളെ ബാധിച്ചേക്കാം. മോണരോഗം നിമിത്തമുള്ള വേദനയും പല്ല് നഷ്ടപ്പെടുന്നതും, ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനും അത് ആസ്വദിക്കുന്നതിനും ഉള്ള നിങ്ങളുടെ പ്രാപ്‌തി കുറച്ചേക്കാം. അത് നിങ്ങളുടെ സംസാരത്തെയും മുഖത്തിന്‍റെ ആകൃതിയെയും മാറ്റിയേക്കാം. പഠനങ്ങൾ വെളിപ്പെടുത്തുന്നത് അനുസരിച്ച്, വായുടെ ആരോഗ്യം ശാരീരിക ആരോഗ്യവും ആയി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.
മോണരോഗം—രോഗനിർണയവും ചികിത്സയും
നിങ്ങൾക്കു മോണരോഗം ഉണ്ടോ എന്ന് എങ്ങനെ അറിയാം? ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ചില ലക്ഷണങ്ങൾ നിങ്ങളിൽ കണ്ടേക്കാം. അങ്ങനെയുണ്ടെങ്കിൽ, നിങ്ങളുടെ മോണയുടെ ആരോഗ്യം വിലയിരുത്താൻ വിദഗ്‌ധനായ ഒരു ദന്ത ഡോക്‌ടറെ കാണുന്നത് ബുദ്ധിയായിരിക്കും.
മോണരോഗത്തിന് പ്രതിവിധിയുണ്ടോ? ആരംഭഘട്ടത്തിലാണെങ്കിൽ ചികിത്സിച്ച് ഭേദമാക്കാനായേക്കും. എന്നാൽ മോണരോഗം പെരിയോഡോൺടൈറ്റിസ് ആയിത്തീരുന്നെന്നു വിചാരിക്കുക. അങ്ങനെയെങ്കിൽ, അത് മൂർച്ഛിച്ച് പല്ലിനു ചുറ്റുമുള്ള അസ്ഥികളെയും മോണയെയും നശിപ്പിക്കുന്നതിനു മുമ്പ് അതു തടയുക എന്നതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളുടെ മോണയ്‌ക്ക് ഉള്ളിലും പുറത്തുമായി പല്ലുകളിൽ രൂപപ്പെട്ടിരിക്കുന്ന പ്ലാക്കും കാൽക്കുലസും നീക്കം ചെയ്യാൻ കഴിയുന്ന ആധുനിക ഉപകരണങ്ങൾ ദന്തരോഗവിദഗ്‌ധരുടെ കൈവശമുണ്ട്.
വിദഗ്‌ധചികിത്സ ലഭ്യമല്ലാതിരിക്കുകയോ പരിമിതമായിരിക്കുകയോ ആണെങ്കിൽ, പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ അതേസമയം വിനാശകാരിയും ആയിരിക്കുന്ന ഈ രോഗം വരാതെനോക്കുക എന്നതാണ് അതിനെതിരെയുള്ള പ്രതിരോധം. നമ്മുടെ വായ ക്രമമായും ഉചിതമായും സ്വയം പരിചരിക്കുന്നതുതന്നെയാണ് മോണരോഗത്തിന് എതിരെയുള്ള ഏറ്റവും നല്ല പ്രതിവിധി. Courtsey- Al Lulu Medical Center Sharjah
Dentists in Sharjah, Homeopathic, Hijama Specialist & GP doctor
0 Comments Leave a comment