നിര തെറ്റിയ പല്ലുകള്‍: കാരണങ്ങളും പ്രതിരോധ-ചികിത്സാ മാര്‍ഗങ്ങളും

നിരതെറ്റിയ പല്ലുകള്‍ കേരളീയരില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ഇതിന് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതവുമാണ്.
ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റിയതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്ത് വയസാകുമ്പോള്‍ മുതല്‍ നല്ലൊരുപങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ ഏത് പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി.
വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ മുന്‍ നിരയിലെ പല്ലുകള്‍ നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ‘അഗ്ലീ ഡക്ലിങ്ങ്’ എന്നാണ് ഈ അവസ്ഥക്ക് പറയുക. 7-12 വയസിലുള്ള കുട്ടികളില്‍ കോമ്പല്ല് വരുന്നതിന്റെ ഭാഗമായി കാണുന്ന ഒരു അവസ്ഥയാണ് ഇത്. കോമ്പല്ല് (സ്ഥിരദന്തം) വരുമ്പോള്‍ അത് മുന്‍ നിരയിലെ മറ്റുപല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതുകാരണം മുന്‍വരിയിലെ പല്ലുകള്‍ താല്‍ക്കാലികമായി ദിശതെറ്റുകയും ചെയ്യുന്നു. ഈ ഒരു സമയത്ത് കുട്ടികളെ കാണാന്‍ വികൃതമായതിനാല്‍ ഈ പ്രതിഭാസത്തെ അഗ്ലീ ഡക്ലിങ്ങ് എന്ന് പറയുന്നു. എന്നാല്‍ 13-14 വയസാകുമ്പോഴേക്കും സ്ഥിരദന്തങ്ങള്‍ വന്നുകഴിയും. അതോടെ ഒരുവിധം കുട്ടികളുടെയൊക്കെ ദന്തനിരകളുടെ അഭംഗി മാറുകയും ചെയ്യും. 14 വയസിന് ശേഷം കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊങ്ങിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികിത്സ നടത്തേണ്ടതുള്ളൂ.
എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 12-13 പ്രായത്തില്‍ പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിര ദന്തങ്ങളിലും ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. അതായത് അത്തരം പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ 13-14 വയസുവരെ കാത്തിരിക്കരുത് എന്നര്‍ത്ഥം. വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും സ്ഥായിയായ വൈകല്യത്തിന് തന്നെ കാരണമായേക്കാം.
നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള കാരണം
1. പാരമ്പര്യം: പല്ലിന്റെ എണ്ണത്തിലോ, വലിപ്പത്തിലോ, ആകൃതിയിലോ വരുന്ന അപാകത നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇത് പലപ്പോഴും പാരമ്പര്യമായി കാണുന്ന ഒരു വിശേഷ ലക്ഷണമാണ്.
2. ജന്മായുള്ള വൈകല്യം: ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം, ഇത് പലപ്പോഴും താടിയെല്ലുകളുടെ വളര്‍ച്ചയെ പ്രതകൂലമായി ബാധിക്കുകയും അതിനാല്‍ പല്ലുകള്‍ നിരതെറ്റി വരുന്നതിനും കാരണമാണ്. അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്.
പാല്‍പല്ലുകളുടെ അകാല നഷ്ടം, സമയമായിട്ടും പൊഴിഞ്ഞുപോകാത്ത പാല്‍പല്ലുകള്‍, ക്ഷതം മുതലായവയും കാരണമാകുന്നു.
വിരല്‍കുടിക്കല്‍, നാവ് ഉന്തല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍ പല്ലിന് മേലെ സമ്മര്‍ദ്ദം ചെലുത്തുകയും പല്ലിന്റെ സ്ഥാനമാറ്റം സംഭവിക്കുകയും ചെയ്യുന്നു.
ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. പോഷകക്കുറവും പ്രധാന കാരണമാണ്.
പാല്‍പല്ലുകളുടെ പ്രാധാന്യം
കുട്ടികളുടെ പാല്‍ പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-7 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.
പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വരാറുണ്ട്. പാല്‍പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കേടുമൂലം അവ എടുത്ത് കളയേണ്ടിവരിക, സമയമായിട്ടും പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതെയിരിക്കുക തുടങ്ങിയവയാണ് നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍.
നിരതെറ്റിയ പല്ലുകള്‍ ഉണ്ടാക്കുന്ന
ദൂഷ്യഫലങ്ങള്‍
1. കാഴ്ചയിലുള്ള അപാകത: സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഉണ്ടാകാറുണ്ട്. അതായത് മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റ് തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍.
2. പ്രവര്‍ത്തന പ്രശ്‌നങ്ങള്‍: ശരിയായി സംസാരിക്കാന്‍ കഴിയാതെവരിക, ഭക്ഷണം ചവച്ചരക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണയാണ്. ഇത്തരത്തിലുള്ള ഏത് പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും.
3. പല്ലിന്റെ കേട്: നിരതെറ്റിയ പല്ലുകളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മോണരോഗങ്ങള്‍, മുറിവ് ഉണ്ടാകാനുള്ള സാധ്യത, മാനസിക പ്രശ്‌നങ്ങള്‍, ആത്മവിശ്വാസക്കുറവ് മുതലായവും ഇതിന്റെ ഫലമായി ഉണ്ടാകാനിടയുണ്ട്.
പ്രതിവിധി
പുതുതായി വരുന്ന സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റം ഉണ്ടാകുന്നുവെങ്കില്‍ അത് കണ്ടുപിടിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. അല്ലെങ്കില്‍ തെറ്റായ സ്ഥാനങ്ങളില്‍ തന്നെ പല്ല് വളരുകയും ഇത് പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകുവയും ചെയ്യും. അതായത് താടിയെല്ലിന്റെ ശരിയായ വളര്‍ച്ചക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുക, മറ്റ് പല്ലുകള്‍ വളര്‍ന്നുവരാന്‍ തടസമുണ്ടാവുക തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതുകൊണ്ട് ഉണ്ടാവാം. അതിനാല്‍ ചികിത്സകള്‍ നേരത്തെ തന്നെ തുടങ്ങണം. 7-13 വയസിന് ഇടയിലാണ് ഇത്തരം ചികിത്സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക.
താരതമ്യേന ചെലവ് കുറഞ്ഞതും ലളിതവുമായ ചികിത്സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികിത്സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന ദന്തവൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചികിത്സാരീതിക്ക് പറയുന്ന പേരാണ് ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോഡോന്റിക് ട്രീറ്റ്‌മെന്റ്. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികിത്സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പിന്നീട് അതായത് 14 വയസിന് ശേഷം നടത്തുന്ന ദന്ത ക്രമീകരണം ചികിത്സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രദമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികിത്സകള്‍ ഗുണകരമാകാറുണ്ട്. പക്ഷെ, ചിലരുടെ കാര്യത്തില്‍ പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. ആയതിനാല്‍ കുട്ടികളുടെ ദന്തസംരക്ഷണ കാര്യത്തില്‍ മാതാപിതാക്കള്‍ ബോധവാന്മാരാവേണ്ടതാണ്.
ദന്തക്ഷയ നിയന്ത്രണം
കുട്ടികളുടെ പല്ലിന് ദന്തക്ഷയം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടക്കുക. അഞ്ച് പല്ലുകളൊക്കെ വന്നുകഴിഞ്ഞാല്‍ ബ്രഷ് ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കുള്ള മൃദുവായ ബ്രഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാവിലെ പാലൂട്ടുന്നതിന് മുമ്പും രാത്രി ഉറക്കുന്നതിന് മുമ്പും പല്ല് തേപ്പിക്കുക. അതുപോലെ തന്നെ മൂന്നുമാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുകയും വേണം.
അതിമധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കാതിരിക്കുക. പ്രത്യേകിച്ചും ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍. കുപ്പിയിലടച്ച് കിട്ടുന്ന പാനീയങ്ങള്‍ പല്ലുകളെ വേഗം നശിപ്പിക്കും.
ഒരുവയസിന് ശേഷം പഴച്ചാര്‍ നല്‍കുമ്പോള്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നല്‍കണം. അമിതമായി മധുരം കഴിച്ച് ശീലിക്കുന്ന കുഞ്ഞുങ്ങളില്‍ പാല്‍പല്ല് നേരത്തെ കൊഴിഞ്ഞ് പോകാറുണ്ട്. ഇത് പുതിയ പല്ലുകള്‍ സ്ഥാനം തെറ്റി വരുന്നതിന് ഇടയാക്കും.
സമയവിവരപ്പട്ടിക അനുസരിച്ച് പാല്‍പ്പല്ല് പൊഴിഞ്ഞ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. പാല്‍പല്ല് അകാലമായി നഷ്ടപ്പെടല്‍ നിയന്ത്രിക്കുക, ഇന്റര്‍സെപ്റ്റീവ് ഓര്‍ത്തോ ട്രീന്റ്‌മെന്റ്, കമ്പിയിട്ട് ശരിയാക്കല്‍, ഓപ്പറേഷനുകള്‍ മുതലായവയും പ്രതിവിധിയാണ്.
ഉപസംഹാരം
നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്.
പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സിച്ചാല്‍ പിന്നീടുള്ള ചികിത്സാ രീതികളെ ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏത് ചികിത്സയും 13 വയസിന് ശേഷമേ പാടുള്ളൂ എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും ചികിത്സകള്‍ വൈകാന്‍ തടസ്സമുണ്ടാക്കുക. ഏത് പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്തക്രമീകരണവിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം. (With best complements from Al Lulu Medical Center, Sharjah, 06-5646252

Leave a Comment

Your email address will not be published. Required fields are marked *